
വാഷിങ്ടൺ; ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതി യോഗത്തിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി അംഗരാജ്യങ്ങൾ. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ–പാക് സംഘർഷ സാഹചര്യം നിലനിൽക്കെയാണ് ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതി യോഗത്തിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങൾ സുരക്ഷാസമിതി തള്ളിക്കളഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആണവഭീഷണി മുഴക്കിയതും പിന്നീട് മിസൈൽ പരീക്ഷണം നടത്തിയതും സുരക്ഷ സമിതി വിമർശിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കറി തയിബയുടെ പങ്കിനെ കുറിച്ച് സുരക്ഷാസമിതി അംഗങ്ങൾ പാകിസ്ഥാൻ പ്രതിനിധികളോട് ചോദ്യം ഉയർത്തിയതായാണ് റിപ്പോർട്ട്. ഇതോടെ മേഖലയിലെ സംഘർഷ സാഹചര്യം അന്താരാഷ്ട്ര തലത്തിൽ തങ്ങൾക്ക് അനുകൂലമായി മാറ്റാനുള്ള പാക് ശ്രമങ്ങൾ പരാജയപ്പെട്ടെന്നാണ് വിലയിരുത്തൽ.
പാകിസ്ഥാന്റെ സമീപകാല മിസൈൽ പരീക്ഷണങ്ങളിൽ ഐക്യരാഷ്ട്രസംഘടന സുരക്ഷാ സമിതി അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചകളിൽ, സുരക്ഷ സമിതി അംഗങ്ങൾ ഭീകരാക്രമണത്തെ അപലപിക്കുകയും ഉത്തരവാദിത്തത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു. ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് രാജ്യങ്ങൾ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
അതേസമയം, പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന എല്ലാ ആരോപണങ്ങളും തങ്ങൾ നിരസിച്ചെന്ന് ചർച്ചകൾക്ക് ശേഷം പാകിസ്ഥാൻ പ്രതിനിധി അസിം ഇഫ്തിഖർ പറഞ്ഞു. സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത് രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും അസിം ആരോപിച്ചു.











